പബ്ബ് - 2
ഇതൊക്കെ വായിച്ച് ഇങ്ങനെ ചെകുത്താന്മാരുടെ സമയത്ത് (ungodly hour എന്നു സായിപ്പ്) കറങ്ങി നടക്കുമ്പോള്‍ ഒരു കാര്യം മാത്രം ഓര്‍ക്കാറുണ്ട്.
ഇവര്‍ ഇങ്ങനെ സ്കോട്‌ലാന്‍ഡിലും ഫ്രാന്‍സിലും മറ്റും മഹത്തായ സ്ഥാപനങ്ങളൊക്കെ ഉണ്ടാക്കുമ്പോള്‍ നമ്മളുടെ കാരണവന്‍മാര്‍ കുരു മുളക് കൃഷിയെപ്പറ്റി സംസാരിച്ചും പരദൂഷണം പറഞ്ഞും സമയം കഴിക്കുകയായിരുന്നല്ലൊ.
പിന്നെ ഒഴിവു സമയങ്ങളില്‍ കൊപ്ര വില്‍ക്കാനായി , കാനോലി കനാലിലൂടെ പറവൂര്‍ , കൊടുങ്ങല്ലൂര്‍ വഴി കെട്ടു വള്ളത്തില്‍ കൊച്ചിയിലേക്കു പോക്കും .
അവിടെ പോയാല്‍ മിക്കവാറും കാശു കഴിയുന്ന വരെ അവിടെ തങ്ങി അടിച്ചു പൊളിച്ചു സംബന്ധമൊക്കെ കഴിച്ചു ചിലപ്പോള്‍ ഒരെണ്ണം കൂട്ടത്തിലും കൂട്ടി വരും . നല്ല സ്റ്റാന്‍ഡേര്‍ടുള്ള കുടിയന്മാര്‍ ബാറില്‍ കയറി പുറത്തിറങ്ങുമ്പോല്‍ ഒരു കുപ്പി പൊതിഞ്ഞു കക്ഷത്തില്‍ വക്കുന്ന പോലെ.
ഒരിക്കല്‍ ഇതു പോലെ പിതാമഹന്‍ മലബാറില്‍ നിന്നും കൊച്ചിയിലേക്കുള്ള വിദേശ യാത്രയൊക്കെ കഴിഞ്ഞു വന്നു വിശ്രമിക്കുമ്പോള്‍ മുറിയില്‍ വന്ന അമ്മൂമ്മ പുതപ്പിനടിയില്‍ കാരണവരുടെ രണ്ടു കാലിനു പകരം നാലു കാലുകള്‍ കണ്ടു ചാത്തനോ മറ്റോ ആണെന്നു ധരിച്ചു പേടിച്ച് ഓടിയെന്ന ഒരു ചരിത്രം പില്‍ക്കാലത്ത് പറഞ്ഞ് കേട്ടിട്ടുണ്ട്.
............
ഞങ്ങള്‍ പത്ത് പന്ത്രണ്ടു പേരുള്ള സബ് ജുനിയര്‍ ടീം അംഗങ്ങള്‍ ഓണവും വിഷുവും പോലെ കൊണ്ടാടിയിരുന്ന ഒരു ആഘോഷമായിരുന്നു വിഷുവിനു മുന്‍പുള്ള ചാരായം വാറ്റല്‍ .
ഒരു മാസത്തിനു മുന്‍പു തന്നെ കശുമാങ്ങ നിലത്ത് വീഴാതെ പൊട്ടിച്ചു കഴുകി തുടച്ച് അരിഞ്ഞു വലിയ ഭരണികളിലാക്കി,അതിന്റെ കൂടെ കറുകപട്ട,ഉണക്ക മുന്തിരി,അണ്ടിപ്പരിപ്പു,കൈതച്ചക്ക എന്നിവയും ഞങ്ങളുടെ കൊതിയും കൂടെ അകത്താക്കി അടച്ചു മണ്ണിനടിയില്‍ കുഴിച്ചിടും.
ഒരു മാസംകഴിഞ്ഞു അര്‍ദ്ധരാത്രിയില്‍ വാറ്റുമ്പോള്‍ കൂടെക്കൂടെ ഉണക്ക മുള്ളന്‍ അടുപ്പിലേക്കു ഇട്ടു കൊണ്ടിരിക്കുക ഞങ്ങള്‍ പിള്ളേരുടെ ജോലികളില്‍ പെട്ടതായിരുന്നു.വാറ്റുന്നതിന്റെ മണം പരക്കാതിരിക്കാനായിരുന്നു ഈ സൂത്രം.
വര്‍ഷങ്ങളായി പരിപോഷിപ്പിച്ചു കൊണ്ടുവന്ന ഈ കല ഇപ്പോള്‍ അന്യം നിന്നു പോയി.അന്നേ ഒരു ബിസിനസ്സ് സംരഭമായി വളര്‍ത്തിയെടുത്തിരുന്നെങ്കിലോ ഇതു പോലെ എന്തെങ്കിലും ഒക്കെ കുപ്പിയുടെ ലേബലില്‍ വന്നേനെ.
- കൊടുങ്ങല്ലൂരില്‍ നിന്നും 1895ഇല്‍ ഇപ്പോള്‍ ഫാക്ടറി സ്ഥിതി ചെയ്യുന്ന കൊറ്റനല്ലൂരിലേക്കു കുടിയേറിയ ഇക്കോരക്കുട്ടിയുടെയും കളത്രം കേയി കേയിയുടെയും ( ആദ്യത്തെ കേയി ഇനീഷ്യലും രണ്ടാമത്തേതു പേരും) രണ്ടാമത്തെ സംരംഭമായി ഇതു തുടങ്ങി.
ഇടനാട്ടിലെ മിതോഷ്ണ കാലാവസ്ഥയും ഫാക്ടറി വളപ്പിനെ ചുറ്റി വളഞ്ഞു പോകുന്ന കാനോലി കനാലിലെ പച്ച നിറമാര്‍ന്ന വെള്ളവും ആണു ഇതിന്റെ പ്രത്യേക സ്വാദിന്റെയും നിറത്തിന്റേയും രഹസ്യം.
കത്തിച്ചാല്‍ കത്തുന്ന ഈ സാധനം വെള്ളമോ ഷോടയോ കൂട്ടി നശിപ്പിക്കാതെ നേരെ തൊണ്ടയിലേക്കു ഒഴിക്കുക.പോകുന്ന വഴി വൃത്തിയാക്കുന്നതോടൊപ്പം ഉണക്ക മുള്ളന്റെ നറുമണവും കശുമാവിന്‍ വിറകിന്റെ പുകമണവും നിങ്ങളുടെ രസമുകുളങ്ങളെയും നാസാരന്ധ്രങ്ങളേയും രസിപ്പിക്കും.
തിരിച്ച് വര്‍ത്തമാനകാലത്തെക്കു കൂപ്പു കുത്താം.
വേറൊരു ദിവസം ഞാനും റിച്ചാര്‍ഡു സായിപ്പുമായുള്ള പതിവു സംഭാഷണം .
ഇന്നെവിടെയാണു ഉണ്ണീ ?
- ഇന്നു തറ്റു കടായില്‍
അതെന്തു കടായി ?
ഒന്നു കൂടി ലൈറ്റടി,മകനേ.
- നിങ്ങളുടെ മലബാറി തീം , റ്റി ഹെച്ച് എ റ്റി റ്റി യു .....
ഓ മനസ്സിലായി , തട്ടുകട.
എന്താണു വിഭവങ്ങള്‍ ?
- കപ്പയും കരിമീന്‍ പൊലിച്ചതും.
ഉം കപ്പയും കരിമീന്‍ പൊള്ളിച്ചതും , നിന്റെ നല്ല കാലം , നടക്കട്ടെ.
...............
വേറൊരു മനൊഹരമായ സായാഹ്നം.
ഇന്നെവിടെയാ നീ കൂടു കൂട്ടിയത് ?
- ഇന്നു ചര്‍ച്ചില്‍ ആണെടാ.
എതൊ ബ്രിട്ടീഷ് കമ്പനി ആറ്റ്ലി മുതലുള്ള പ്രധാന മന്ത്രിമാരുടെ പേരില്‍ ‘പ്രീമിയേഴ്സ് ‘ എന്ന വിസ്കി ഇറക്കിയതും മാര്‍ഗരറ്റ് താച്ചര്‍ വരെ എത്തി ജോണ്‍ മേജര്‍ എന്ന വില്‍ക്കാന്‍ ബുധിമുട്ടുള്ള ബ്രാന്‍ഡില്‍ നീര്‍ത്തിയതും മനസ്സില്‍ ട്രൈലര്‍ ഓടി.
ചര്‍ച്ചില്‍ ആണോ ? വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, പഴയ ബ്രിട്ടീഷ് പുലി ?
അല്ല, ചര്‍ച്ച് വിത്ത് ക്രോസ്സ് ആന്‍ഡ് ആള്‍ , ചങ്ങാതി.
എന്റെ ഈശോയെ നിന്റെ ഭക്തന്മാരുടെ കച്ചവട കണ്ണുകള്‍ എവിടം വരെ എത്തി എന്നു നോക്കിയേ .
ചര്‍ച്ചോ ? , അവിടെ കന്യാസ്ത്രീ വേഷക്കാരുണ്ടൊ ?
- ഉം.അച്ചന്മാരോ ?
- ഉണ്ടു രണ്ടു പേര്‍ ചുവന്ന അങ്കവസ്ത്രമൊക്കെയിട്ടു.
ദൈവമേ ബാറില്‍ പട്ടമൊക്കെ ഇട്ടു അച്ചന്റെ വേഷത്തില്‍. നീ ഇനിയും ചാട്ടവാര്‍ എടുത്ത് ഇറങ്ങേണ്ടി വരുമോ ?
നല്ല തിരക്കുണ്ടോ ?
- ഉം, ഞാന്‍ ഇപ്പോള്‍ പുറത്താണു നില്‍ക്കുന്നത്.
റിച്ചി,നീ ഒരു കൃസ്തയാനിയല്ലെടാ,- അതെന്നു തോന്നുന്നു ,
എന്താ ചോദിക്കാന്‍ ?പള്ളിയുടെ തീമുള്ള ഒരു പബ്ബില്‍ നിനക്ക് പോവാതിരുന്നു കൂടെ ?
- പബ്ബോ , ചങ്ങാതി , ഇതു ശരിക്കുള്ള ചര്‍ച്ചാണെടാ.
- ഞാന്‍ കുടി തല്‍ക്കാലം നിര്‍ത്തി.
- ദു:ഖ വെള്ളിയാഴ്ചയും ഈസ്റ്ററുമൊക്കെ വരികയല്ലെ.ഒരു നാല്‍പ്പത്തഞ്ചു ദിവസം നൊയമ്പു.
ഓ ദൈവമെ .
ഇനിയെന്തിനാ നീ ദൈവത്തെ വിളിക്കുക്കുന്നത് ?
അയ്യൊ , കള്ളല്ലേ റിച്ചാര്‍ഡ് നമ്മുടെ കഞ്ഞി, നീയൊക്കെ നിറുത്തിയാല്‍ കമ്പനി പൂട്ടി പോകുമല്ലൊന്നു ഓര്‍ത്തു പോയതാണു.
.............