Thursday, November 30, 2006

പബ്ബ്.1

റിച്ചാര്‍ഡ് എന്റെ കൂടെ ജോലി ചെയ്തിരുന്ന നീലക്കണ്ണൂകളും സിരകളില്‍ പോര്‍ച്ചുഗീസു രക്തവുമുള്ള ഒരു ഗോവക്കാരന്‍ സുന്ദരനായിരുന്നു.

കല്യാണം കഴിഞ്ഞു ഒരു കുട്ടിയായപ്പോള്‍ നാട്ടുനടപ്പനുസരിച്ച് വിവാഹമോചനം ചെയ്ത് സ്വസ്ഥമായി ജീവിക്കുന്നു.

ഞങ്ങള്‍ രണ്ടുപേരും മാറി മാറിയാണു ഷിഫ്റ്റുകള്‍ ചെയ്യാറുള്ളത്.ഞാന്‍ നൈറ്റു ചെയ്യുമ്പോള്‍ അവന്‍ ഏതെങ്കിലും ബാറില്‍ തന്റെ മണ്‍കലത്തിന്റെ മണമുള്ള ജാക് ഡാനിയലും താലോലിച്ച് കൊണ്ടു ഇരിക്കയാവും.

നേരം കൊല്ലാന്‍ വേണ്ടി വിളീച്ചാല്‍ ക്രിക്കറ്റ് കമന്ററി പോലെ അവിടത്തെ ഒരു ലൈവ് ദൃക്‌സാക്ഷി വിവരണം തരും.

ഏതാണ്ടു ദാ ഇതു പോലെ ...

- ഹാ റിച്ചാര്‍‍ഡ് ബോയ് , ഇന്നു എവിടെയാണു ?

- ഇന്നു ഫോര്‍ട്ടി നയ്നേഴ്സില്‍ .

അത് എവിടെയാണു ?

-മറൈന്‍ ബീച്ച് ക്ലബ്ബില്‍.

എങ്ങിനെയുണ്ടു ചുറ്റുപാടുകള്‍ മകനെ ?

-നീ 1848ലെ കാലിഫോര്‍ണിയായിലെ ഗോള്‍ഡ് റഷിനെ പറ്റി കേട്ടിട്ടുണ്ടോ ?
ഇല്ല .

-എന്നാല്‍ അങ്ങിനെ ഒരു സംഭവമുണ്ട് ,അതാണു ഇവിടത്തെ തീം, പോയി ഇന്റെര്‍നെറ്റില്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കു.

ശരി നോക്കാം . പൊതു വിജ്ഞാനം കിട്ടുന്ന കാര്യമല്ലെ.

പിറ്റേന്നു ഹോട്ടലുകളിലെ ബാറിലേക്കും ക്ലബ്ബുകളിലേക്കും എംബസ്സികളിലേക്കും മറ്റും പോകേണ്ട മദ്യത്തിന്റെ ഓര്‍ഡറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് വിടേണ്ട സോപ്പ് ചീപ്പ് കണ്ണാടികളുടെ ( ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യുമര്‍ ഗുഡ്സ് എന്നു സായിപ്പിന്റെ ഭാഷ്യം) ഓര്‍ഡറുകളും തയ്യാറായെന്നു ഉറപ്പു വരുത്തലാണു മുഖ്യ പണി.
അതു കഴിഞ്ഞാല്‍ പിന്നെ , കോഴികളോക്കെ ബോറടിച്ചിട്ടു നിലാവില്‍ ഇറങ്ങി നടക്കില്ലെ അതു പോലെ നടന്നു ഓരോരൊ മദ്യക്കുപ്പികളുടെ പുറകിലെ ലേബലില്‍ എഴുതിയിരിക്കുന്ന രസകരമായ വിവരണങ്ങള്‍ വായിച്ച് ഇങ്ങനെ കറങ്ങി നടക്കലും.

ഏതാണ്ടു ഇങ്ങനെ.

1854.ഇല്‍ സ്കോട്‌ലാന്‍ഡില്‍ ഒരു കുന്നിന്റെ പുറത്തുള്ള ..........ഫാമിലി എസ്റ്റേറ്റില്‍ തുടങ്ങി.അതിന്റെ ചരുവിലൂടെ ഒഴുകുന്ന ചെറിയ അരുവിലെ വെള്ളമാണു നൂറ്റമ്പത് കൊല്ലമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. അഞ്ച് തലമുറകളായി ഈ കുടും‌ബം തന്നെയാണു ഇവിടുത്തെ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.
.ഈ വിശിഷ്ട ഉലപന്നം അമേരിക്കയില്‍ നിന്നും ‍ നിന്നും പ്രത്യേകം ഇറക്കുമതി ചെയ്ത ഓക്ക് ബാരലുകളില്‍ ഞങ്ങളുടെ നിലവറയില്‍ മുപ്പത് വര്‍ഷം വിശ്രമിച്ചിട്ടാണു നിങ്ങളുടെ കയ്യിലെത്തുന്നത്.


ഈ വര്‍ഷങ്ങള്‍ തന്നിലുള്ള വിഷാംശങ്ങളെ അതു ശ്വാസോച്ഛാസത്തിലൂടെ പുറത്തെക്കു കളയുന്നു.

ഇതു വായിലൊഴിച്ച് നാവിന്റെ മുകളിലൂടെ കറക്കി പതുക്കെ അല്‍പ്പാല്‍പ്പമായി ഇറക്കുക.ആദ്യം ഏലക്കായയുടെ മണവും പിന്നെ മെല്ലെ,മെല്ലെ ചതച്ച ബാര്‍ളി,കുരുമുളക്,വിവിധ തരം പഴങ്ങള്‍ എന്നിവയുടെ സ്വാദുകളും നിങ്ങളുടെ രസമുകുളങ്ങളെ ഉണര്‍ത്തും.....


തുടരണോ ? ...